ന്യൂഡൽഹി∙ റഷ്യയും പാക്കിസ്ഥാനും നടത്തുന്ന സംയുക്ത സൈനിക അഭ്യാസത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും യുഎസും. ശീതയുദ്ധകാലത്ത് രണ്ടു ചേരികളിലായിരുന്ന പാക്കിസ്ഥാനും റഷ്യയും ആദ്യമായാണു സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. പുതിയ സാഹചര്യത്തിൽ ഏറെ കരുതലോടെയാണ് ഈ നീക്കത്തെ ഇന്ത്യയും യുഎസും കാണുന്നത്. 'ഫ്രണ്ട്ഷിപ് 2016' എന്ന പേരിലാണ് സൈനിക അഭ്യാസം. ഇതിനായി വെള്ളിയാഴ്ച ഇരുനൂറോളം റഷ്യൻ സൈനികരാണു പാക്കിസ്ഥാനിൽ എത്തിയത്. ഇന്നാരംഭിക്കുന്ന അഭ്യാസം ഒക്ടോബർ 10നാണ് അവസാനിക്കുക.

നയതന്ത്രമേഖലയിൽ ഇന്ത്യക്കു പിന്തുണ നൽകുന്ന രാജ്യമാണ് റഷ്യ. യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിനിടയിലും പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ഉറച്ച പങ്കാളിയാണ് റഷ്യ. ഉറി ആക്രമണത്തിനു പിന്നാലെ, പാക്കിസ്ഥാനുമായുള്ള സംയുക്ത സൈനിക അഭ്യാസം റഷ്യ റദ്ദാക്കിയെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ലോകരാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യൻ നയത്തെ ശരിവയ്ക്കുന്നതാണ് ഈ നടപടിയെന്നും കരുതിയിരുന്നു. എന്നാൽ, റിപ്പോർട്ടുകൾ തള്ളി റഷ്യ പാക്കിസ്ഥാനുമായുള്ള സൈനിക അഭ്യാസവുമായി മുന്നോട്ടു പോവുകയായിരുന്നു. ഇന്ത്യ യുഎസുമായി കൂടുതൽ അടുക്കുന്നതാണു റഷ്യയെ പാക്കിസ്ഥാനുമായി അടുപ്പിക്കുന്നതെന്നാണു വിദഗ്ധരുടെ അഭിപ്രായം.

പാക്ക് അധീന കശ്മീരിലും ഗിൽജിത്–ബാൾട്ടിസ്ഥാൻ മേഖലയിലെ പാക്ക് സൈനിക സ്കൂൾ പരിസരത്തുമാണു സംയുക്ത അഭ്യാസമെന്നു റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ റഷ്യയെ ആശങ്കയറിയിച്ച ഇന്ത്യ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതോടെ, വിശദീകരണവുമായി ഇന്ത്യയിലെ റഷ്യൻ എംബസി രംഗത്തെത്തി. പാക്ക് അധീന കശ്മീരിലോ തർക്കപ്രദേശങ്ങളിലോ സംയുക്ത സൈനിക അഭ്യാസം നടത്തില്ലെന്നും പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺ മേഖലയിലെ പർവതപ്രദേശമായ ചേരതിലാണ് അഭ്യാസമെന്നും എംബസി അറിയിച്ചു.

2014 മുതൽ പാക്കിസ്ഥാനുമായി റഷ്യ ആയുധ ഇടപാടുകൾ ആരംഭിച്ചിരുന്നു. എംഐ– 35 ഹെലികോപ്റ്ററുകൾ പാക്കിസ്ഥാനു നൽകാൻ 2015 ൽ തീരുമാനിക്കുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം റഷ്യ സസൂക്ഷ്മം നീരീക്ഷിച്ചിരുന്നു. ഉറി ആക്രമണത്തെ തുടർന്നു രാജ്യാന്തരരംഗത്തു പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നതിനിടെ റഷ്യ സൈനിക അഭ്യാസവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത് ഇന്ത്യയുടെ നയതന്ത്രശ്രമങ്ങൾക്കു തിരിച്ചടിയാണെന്ന് ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു.

Advertisement

0 comments :

Post a Comment

 
Top